Spread the love

ആര്യങ്കോട് ഗ്രാമപഞ്ചായത്തിന്റെ 14-ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി 2026-27 വാർഷിക പദ്ധതിയുടെ പദ്ധതി രൂപീകരണ ഗ്രാമസഭ സംഘടിപ്പിച്ചു. വാർഡ് 6 കാലായിലിൽ നടന്ന ഗ്രാമസഭയിൽ പഞ്ചായത്ത് പ്രസിഡന്റ് അജിത എസ് ഉദ്ഘാടനം നിർവഹിച്ചു. പ്രദേശത്തിന്റെ വികസന ആവശ്യങ്ങൾ ജനപങ്കാളിത്തത്തോടെ ചർച്ച ചെയ്യുകയും വരും വർഷത്തേക്കുള്ള വിവിധ വികസന പദ്ധതികൾക്ക് രൂപം നൽകുന്നതിനുള്ള നിർദേശങ്ങൾ ശേഖരിക്കുകയും ചെയ്തു. പൊതുജനങ്ങളുടെ അഭിപ്രായങ്ങളും ആവശ്യങ്ങളും പരിഗണിച്ച് പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾ കൂടുതൽ ജനകീയവും കാര്യക്ഷമവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രാമസഭ സംഘടിപ്പിച്ചത്. വാർഡിലെ അടിസ്ഥാന സൗകര്യ വികസനം, പൊതുജനക്ഷേമം, ആരോഗ്യ-വിദ്യാഭ്യാസ മേഖലകൾ, ശുചിത്വം, കാർഷികം, സാമൂഹിക സുരക്ഷ തുടങ്ങിയ വിഷയങ്ങളിൽ ജനങ്ങൾ നിർദേശങ്ങൾ മുന്നോട്ടുവച്ചു. ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിലൂടെ വാർഡിന്റെ സമഗ്ര വികസനത്തിന് ആവശ്യമായ പദ്ധതികൾ ആവിഷ്കരിക്കാനും നടപ്പാക്കാനും ഗ്രാമസഭ സഹായകരമായി.