Spread the love

കാവല്ലൂർ വാർഡിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ കുട്ടികളുടെ കൂട്ടായ്മയും സർഗാത്മക വളർച്ചയും ലക്ഷ്യമിട്ട് മൂന്ന് പുതിയ ബാലസഭകൾക്ക് തുടക്കമായി. ചൈത്ര കുടുംബശ്രീയുടെ ഭാഗമായി “മഴവിൽ കൂടാരം, ചൈതന്യ കുടുംബശ്രീയുടെ ഭാഗമായി “ചിറക്” എന്നീ ബാലസഭകൾക്ക് പുറമെ മറ്റൊരു ബാലസഭയ്ക്കും കൂടി രൂപം നൽകി. വാർഡ് മെമ്പർ രമ്യയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ കുട്ടികളുടെ കഴിവുകൾ വികസിപ്പിക്കുന്നതിനും അവരുടെ ആശയങ്ങൾ പങ്കുവെക്കുന്നതിനും സാമൂഹിക ബോധവും നേതൃത്വപാടവവും വളർത്തുന്നതിനും ബാലസഭകൾ വേദിയാകുമെന്ന് അറിയിച്ചു. കുട്ടികളിൽ സൗഹൃദം, സഹകരണം, ഉത്തരവാദിത്തബോധം, സർഗാത്മകത എന്നിവ വളർത്തുന്നതിനൊപ്പം അവരുടെ അവകാശങ്ങളും ആവശ്യങ്ങളും തിരിച്ചറിയാനും പ്രവർത്തിക്കാനും ഇത്തരം കൂട്ടായ്മകൾ സഹായകരമാകും. കുട്ടികളുടെ സജീവ പങ്കാളിത്തത്തോടെ വിവിധ കലാ-കായിക പ്രവർത്തനങ്ങൾ, ബോധവത്കരണ പരിപാടികൾ, സാമൂഹിക ഇടപെടലുകൾ എന്നിവ സംഘടിപ്പിക്കുന്നതിനും ബാലസഭകൾക്ക് അവസരമൊരുങ്ങും. കാവല്ലൂർ വാർഡിലെ കുട്ടികളുടെ കഴിവുകൾക്ക് കൂടുതൽ പ്രോത്സാഹനം നൽകുന്ന മികച്ചൊരു കൂട്ടായ്മയായി ബാലസഭകൾ വളരട്ടെ.