Spread the love

ഓണാഘോഷങ്ങൾക്ക് കൂടുതൽ നിറവും നാടൻ രുചിയും പകരാൻ ആര്യങ്കോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കുടുംബശ്രീ ഓണച്ചന്ത, കുടുംബശ്രീ ഓണ മേള, കർഷക ചന്ത എന്നിവയ്ക്ക് തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് അജിത ഓണച്ചന്ത ഉദ്ഘാടനം നിർവഹിക്കുകയും കുടുംബശ്രീ ഓണ മേളയിലെ ആദ്യ വിൽപ്പന നിർവഹിക്കുകയും ചെയ്തു.

കുടുംബശ്രീ സംരംഭകരുടെയും കർഷകരുടെയും ഉൽപ്പന്നങ്ങൾക്ക് മികച്ച വിപണി ഒരുക്കുന്നതിനും നാട്ടിൽ ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കുന്നതിനുമുള്ള വേദിയായി ചന്തകൾ മാറി. വിവിധ കുടുംബശ്രീ ഉൽപ്പന്നങ്ങൾ, കാർഷിക വിളകൾ, നാടൻ ഭക്ഷ്യവിഭവങ്ങൾ തുടങ്ങിയവ മേളയിൽ ഒരുക്കിയിട്ടുണ്ട്. വിഷരഹിതവും ഗുണമേന്മയുള്ളതുമായ പ്രാദേശിക ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം കുടുംബശ്രീ അംഗങ്ങൾക്കും കർഷകർക്കും വരുമാനവും വിപണന സാധ്യതയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് മേള സംഘടിപ്പിച്ചത്.

കർഷകരുടെയും കുടുംബശ്രീ സംരംഭകരുടെയും അധ്വാനത്തിന് പിന്തുണ നൽകിക്കൊണ്ട് ഈ ഓണക്കാലത്ത് നാട്ടിൻപുറത്തിന്റെ നന്മയും രുചിയും സ്വന്തമാക്കാം.