Spread the love

ആര്യങ്കോട് ഗ്രാമപഞ്ചായത്ത് നവീന ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച “കീഴാറൂർ പെരുമ 2026” ഓണാഘോഷ പരിപാടികൾ ആഗസ്റ്റ് 25 മുതൽ 28 വരെ വിപുലമായി നടന്നു. നാല് ദിവസങ്ങളിലായി അത്തപ്പൂക്കള മത്സരം, കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വിവിധ മത്സരങ്ങൾ, കുടുംബശ്രീ പ്രവർത്തകരുടെ വിവിധ മത്സരങ്ങൾ, കരോക്കെ ഗാനമേള, നാടൻപാട്ട് പരിപാടികൾ തുടങ്ങി നിരവധി കലാ-വിനോദ പരിപാടികൾ അരങ്ങേറി. പരിപാടിയുടെ ഉദ്ഘാടനം ശ്രീമതി ആര്യ എസ്. യു., പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു. ആര്യങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സി. അജിതയും പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ എസ്. വി. ശ്രീജുവും ചേർന്ന് സമ്മാനദാനം നിർവഹിച്ചു. നവീന ഗ്രന്ഥശാല പ്രസിഡന്റ് ബാലരാജ്, സെക്രട്ടറി ദിനേശ്കുമാർ, രക്ഷാധികാരികളായ രമ്യ ജെ. ആർ., കെ. കെ. സജയൻ, എസ്. വി. ശ്രീജു, വി. രമേശൻ നായർ, ഗ്രീഷ്മ ഷിബുലാൽ, അക്ഷയ് ജി. എസ്. എന്നിവരുടെ നേതൃത്വത്തിലും സഹകരണത്തിലും ആഘോഷം ശ്രദ്ധേയമായി. നാടിന്റെ കൂട്ടായ്മയും ഓണത്തിന്റെ സന്തോഷവും കലയുടെ തനിമയും ഒത്തുചേർന്ന “കീഴാറൂർ പെരുമ 2026” ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. ഇതിന്റെ ഭാഗമായി തിരുവനന്തപുരം ദൃശ്യ അവതരിപ്പിച്ച “നാടൻപാട്ട് ഉത്സവം” നാടൻ താളങ്ങളുടെയും പാട്ടിന്റെയും ആവേശം നിറച്ച മനോഹരമായ കലാവിരുന്നായി മാറി. നാടൻപാട്ടുകളുടെ തനിമയും കേരളീയ സംസ്കാരത്തിന്റെ പാരമ്പര്യവും വിളിച്ചോതിയ കലാവതരണങ്ങൾ ആഘോഷത്തിന് കൂടുതൽ നിറവും ആവേശവും പകർന്നു. കലാകാരന്മാരുടെ മികച്ച പ്രകടനവും കാണികളുടെ ആവേശകരമായ പങ്കാളിത്തവും ചേർന്ന് വേദിയെ ഉത്സവാന്തരീക്ഷത്തിലാക്കി. ഓണത്തിന്റെ സന്തോഷവും നാടൻകലയുടെ സൗന്ദര്യവും ഒരുമിച്ചുചേർന്ന തിരുവനന്തപുരം ദൃശ്യയുടെ “നാടൻപാട്ട് ഉത്സവം” കീഴാറൂർ പെരുമ 2026ന്റെ ശ്രദ്ധേയമായ കലാപരിപാടികളിലൊന്നായി മാറി.