ആര്യങ്കോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കേരളോത്സവത്തിന് ആവേശകരമായ സമാപനം. ക്രിക്കറ്റ്, ബാഡ്മിന്റൺ, നീന്തൽ, വടംവലി തുടങ്ങിയ കായിക മത്സരങ്ങൾക്കൊപ്പം നൃത്തം, ഗാനാലാപനം, ശാസ്ത്രീയ കലാപ്രകടനങ്ങൾ എന്നിവയും കേരളോത്സവത്തിന് കലാവൈവിധ്യവും നിറപ്പകിട്ടും പകർന്നു. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ആര്യ എസ്.യു നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അജിതയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരും ജനപ്രതിനിധികളും പങ്കെടുത്തു. മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ നടന്നു. കായിക-കലാ പ്രതിഭകളുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായ കേരളോത്സവത്തിന് സമാപന സമ്മേളനം ആവേശകരമായ പരിസമാപ്തിയായി.